പത്തനാപുരം ; കെ ബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ പരാജയത്തിനു കാരണം അദ്ദേഹത്തിന്റെ നാക്ക് തന്നെയാണെന്ന് സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗണേഷ് നടത്തിയ പല പ്രസ്താവനകളും , പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. മന്ത്രിയുടെ ഓഫീസ് ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടില്ല . പാർട്ടി നേതാക്കളോട് പോലും പുച്ഛത്തിലായിരുന്നു ഇടപെടൽ . എൻ എസ് എസുമായുള്ള ബന്ധം വഷളാക്കിയതും ഗണേഷ് കുമാർ തന്നെ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കും കാരണം ഗണേഷ് കുമാർ തന്നെയാണ് . പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പിണറായിയുടെ ധാർഷ്ട്യമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. ചില ഉന്നതരുടെ ആജ്ഞകൾ നടപ്പാക്കുന്ന പി ആർ ഏജൻസിയായിരുന്നു തെരഞ്ഞെടുപ്പുകാലത്ത് സിപിഎം സെക്രട്ടറിയേറ്റ് .
ചർച്ചയിൽ പങ്കെടുത്ത 17 പേരും പാർട്ടി നേതൃതത്തിലെ മാറ്റം ആവശ്യപ്പെട്ടു. വിഎസും , നായനാരും ഉള്ള സമയത്ത് വി എസ് പാർട്ടിയെ നയിച്ചപ്പോൾ നായനാർ മാറി നിന്നു. അതുപോലെ പിണറായി മാറി നിൽക്കണം .എം വി ഗോവിന്ദനെതിരെയും വിമർശനമുണ്ടായി. ജനങ്ങളെ കേൾക്കാത്ത പാർട്ടി സെക്രട്ടറിയാണ് ഗോവിന്ദനെന്നും വിമർശനമുണ്ടായി. ജി സുധാകരനെതിരായ ചെറ്റ എന്ന പരാമർശവും തിരിച്ചടിയായെന്നും വിലയിരുത്തൽ ഉണ്ടായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലായിരുന്നു യോഗം.

