തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ തോമസ് കെ തോമസ് എംഎൽഎയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. മിൽമയ്ക്കാണ് പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരമുള്ളതെന്നും പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
വിലവർദ്ധനവ് ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ജിഎസ്ടി കുറയ്ക്കുന്ന സാഹചര്യത്തില്‍ പാല് വില വര്‍ദ്ധിപ്പിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന നിലപാടിലായിരുന്നു മിൽമ. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടതില്ലെന്ന് മിൽമ തീരുമാനിച്ചിരുന്നത്.
2026 ജനുവരിയോടെ മില്‍മ പാല് വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ മന്ത്രിയുടെ വെളിപ്പെടുത്തലോടെ ഈ വർഷം സംസ്ഥാനത്ത് പാൽ വില വർദ്ധനവ് ഉറപ്പായി.

