തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. വിദേശയാത്ര, സ്പോൺസറെ തിരഞ്ഞെടുക്കൽ, നടപടിക്രമങ്ങളിൽ മന്ത്രിയുടെ ഓഫീസിനുണ്ടായ ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ അബ്ദുറഹിമാന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന്റെ വസതിയിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസുകളിലും തലേദിവസം അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ പിടിച്ചെടുത്ത രേഖകളുടെയും അന്വേഷണ സംഘം തയ്യാറാക്കിയ ചോദ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അബ്ദുറഹിമാനെ ചോദ്യം ചെയ്തത്.
കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആന്റോ അഗസ്റ്റിന് അനുവദിക്കുന്നതിൽ അബ്ദുറഹിമാൻ നിയമവിരുദ്ധമായി ഇടപെടുകയും അദ്ദേഹത്തിന് അർഹതയില്ലാത്ത സഹായങ്ങൾ നൽകുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മെസ്സി കേരളം സന്ദർശിക്കുമെന്ന് വരുത്തിത്തീർത്ത് ആന്റോയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണവും അദ്ദേഹത്തിനെതിരെയുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചും മുൻ മന്ത്രിയോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.

