മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കോളേജിൽ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. ഒരു ഗ്രാം എംഡിഎംഎയാണ് വിദ്യാർത്ഥികളുടെ കാറിൽ നിന്ന് കണ്ടെടുത്തത്. കോളേജിന്റെ പുറത്താണ് കാർ നിർത്തിയിട്ടിരുന്നത്. എക്സൈസ് വാഹനം കണ്ട വിദ്യാർത്ഥികൾ കാർ നിർത്തി ഓടി രക്ഷപെട്ടിരുന്നു . മൂന്ന് പേർക്കെതിരെ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കേരള പോലീസിന്റെ മയക്കുമരുന്ന് വേട്ടയായ ഓപ്പറേഷൻ തൂഫാനിലെ അറസ്റ്റ് 9280 കേസുകളിലായി 10,000 കവിഞ്ഞു. ഇതുവരെ 8289.409 ഗ്രാം എംഡിഎംഎ, 1004.784 കിലോഗ്രാം കഞ്ചാവ്, 2382 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു.
കോഴിക്കോട് നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത് . ഇവിടെ ആകെ 929 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്, 999 പേർ അറസ്റ്റിലായി. ഇവിടെ 875 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചി സിറ്റിയിലും പാലക്കാടും 700 ൽ അധികം കേസുകളുണ്ട്. കണ്ണൂർ റൂറലിൽ 137 കേസുകളിലായി 139 പേരെ അറസ്റ്റ് ചെയ്തു.

