തിരുവനന്തപുരം: പുതുവത്സരാഘോഷത്തലേന്ന് മലയാളികൾ കുടിച്ചു തീർത്തത് 125.64 കോടി രൂപയുടെ മദ്യം . ഡിസംബർ 31 ന് ഔട്ട്ലെറ്റുകളിലും വെയർഹൗസുകളിലും നടന്ന വിൽപ്പനയുടെ കണക്കാണിത്. മുൻ പുതുവത്സരത്തെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷന് 16.93 കോടി രൂപയുടെ അധിക വിൽപ്പനയുണ്ടായി. 2024 ഡിസംബർ 31 ന് വിൽപ്പന 108.71 കോടി രൂപയായിരുന്നു.
വിൽപ്പനയിൽ കടവന്ത്ര ഔട്ട്ലെറ്റാണ് മുന്നിൽ . 1.17 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത് . പാലാരിവട്ടം രണ്ടാം സ്ഥാനത്തും (95.09 ലക്ഷം) എടപ്പാൾ മൂന്നാം സ്ഥാനത്തും (82.86 ലക്ഷം) തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്ലെറ്റാണ് വിൽപ്പനയിൽ ഏറ്റവും താഴെ. ഇവിടെ 4.61 ലക്ഷം രൂപയുടെ മദ്യം മാത്രമാണ് വിറ്റഴിച്ചതെന്നാണ് റിപ്പോർട്ട്.
ഈ പുതുവത്സരാഘോഷത്തിൽ 2.07 ലക്ഷം കെയ്സ് വിദേശ മദ്യം, ബിയർ, വൈൻ എന്നിവയാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഈ സാമ്പത്തിക വർഷം (2025-26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യം ബെവ്കോ വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) ഡിസംബർ 31 വരെയുള്ള വിൽപ്പന 14,765.09 കോടി രൂപയായിരുന്നു.
കഴിഞ്ഞ ഓണക്കാലത്തും മദ്യ വിൽപ്പനയിൽ റെക്കോർഡ് നേട്ടമുണ്ടായി. ഓണത്തിന്റെ പത്ത് ദിവസങ്ങളിൽ 826.38 കോടി രൂപയുടെ മദ്യം വിറ്റു. മുൻ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വർധനവാണിത്.

