കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച സംഭവത്തിൽ മേയ്ക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി അറസ്റ്റിൽ. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ ജാന്മണി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാന്മണി മുന്നോട്ട് വന്നിരുന്നു. ‘ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാൻ അത് പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വാക്കുകൾ പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരെയല്ല. മലയാളം സംസാരിക്കാൻ എനിക്ക് പ്രാവീണ്യമില്ലാത്തതുകൊണ്ടാകാം അങ്ങനെ തോന്നിയത്. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.
എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു കൊച്ചുകുട്ടിയായി കരുതി ദയവായി എന്നോട് ക്ഷമിക്കൂ. “ എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ ജാൻമോണി പറഞ്ഞത്. അവതാരിക രഞ്ജിനി ഹരിദാസിന്റെ മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് ജാന്മണി. ജന്തർമന്തർ സമരത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. അതിനു പിന്നാലെയാണ് മോദിയ്ക്കും, അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ ജാന്മണി അധിക്ഷേപ പരാമർശം നടത്തിയത്.

