തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാനായി ഒന്നര മാസമായി പദ്ധതിയിടുന്നതായി സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദചാമി. പോലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിലിലെ കമ്പികൾ മുറിക്കാൻ ഏകദേശം ഒന്നര മാസമെടുത്തുവെന്നും ഗോവിന്ദച്ചാമി പറഞ്ഞു.
കമ്പികൾ മുറിച്ചതിന്റെ പാടുകൾ പുറത്തു നിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടി . പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചാണ് ജയിൽ മതിൽ ചാടിയതെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട് .
ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഗുരുവായൂരിലെത്തി മോഷണം നടത്തുക എന്നതായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രാഥമിക ലക്ഷ്യം . മോഷ്ടിച്ച പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ ഗോവിന്ദച്ചാമി പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറയുന്നു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് കൃത്യമായി അറിയാത്തതിനാലാണ് താൻ തളാപ്പിൽ എത്തിയതെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്. ഗോവിന്ദച്ചാമി ജയിലിന് പുറത്ത് ചിലരുമായി ബന്ധപ്പെട്ടിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകളും പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി ജയിൽ ഓഫീസർ രജീഷ്, അസിസ്റ്റന്റ് ജയിൽ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.

