കൊച്ചി: ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ രാമചന്ദ്രൻ്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഞായറാഴ്ച ഇടപ്പള്ളിയിലെ വീട്ടിൽ എത്തിയ പിണറായി രാമചന്ദ്രൻ്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ് എന്നിവരെ ആശ്വസിപ്പിച്ചു.കുടുംബത്തിന് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കേരളം ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
രാമചന്ദ്രൻ്റെ മകൾ ആരതി ഈ സാഹചര്യം കൈകാര്യം ചെയ്ത ധൈര്യത്തെയും പ്രതിസന്ധിയിൽ തന്നെ സഹായിച്ചവരോട് നന്ദി പ്രകടിപ്പിക്കുന്ന രീതിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ആ ധൈര്യം തുടർന്നും കുടുംബത്തിന് ദുഃഖത്തിൻ്റെ നാളുകളിൽ നിന്ന് കരകയറാൻ കരുത്താകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.രാമചന്ദ്രൻ്റെ മരുമകൻ ശരത്, മരുമകൾ വിനീത, കൊച്ചുമക്കളായ ദ്രുപദ്, കേദാർ എന്നിവരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി. രാമചന്ദ്രൻ്റെ സംസ്കാരം വ്യാഴാഴ്ചയാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നത് .