തൃശൂർ ; ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ മർദ്ദനം . ബീഹാറി സ്വദേശി അസഫാക്ക് ആലത്തിനെയാണ് സഹതടവുകാരൻ മർദ്ദിച്ചത് . സംഭവത്തിൽ വിയ്യൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ സഹതടവുകാരൻ റാഹിലാൽ ജയിലിലെ ഡി-ബ്ലോക്കിലെ നാലാമത്തെ സെല്ലിന് മുന്നിലുള്ള ഇടനാഴിയിൽ വെച്ച് ആലമിനെ സ്പൂൺ ഉപയോഗിച്ച് കുത്തുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ‘നീ കുട്ടികളെ പീഡിപ്പിക്കും അല്ലേടാ’ എന്ന് ആക്രോശിച്ചായിരുന്നു മര്ദിച്ചത്.
ആലമിന്റെ തലയിലും മുഖത്തും കുത്തിയതായി റിപ്പോർട്ടുണ്ട് . വിവരമറിഞ്ഞെത്തിയ ജയിൽ ഉദ്യോഗസ്ഥർ ആലമിന് വൈദ്യസഹായം നൽകി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. റാഹിലാലിനെ മറ്റൊരു ബ്ലോക്കിലെ സെല്ലിലേക്ക് മാറ്റി.
ആലമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വിയ്യൂർ പോലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 118(1) (അപകടകരമായ ആയുധങ്ങളും മാർഗങ്ങളും ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 296(ബി) (അശ്ലീല പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
2023 ജൂലൈ 28-ന്, ബീഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകളെ ആല ആലുവ മാർക്കറ്റിന് പിന്നിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി, ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി..
കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ആലമിനെ ആലുവയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.ഡൽഹിയിൽ താമസിക്കുമ്പോൾ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയോട് ആലം മോശമായി പെരുമാറിയതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

