കൊച്ചി: എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളുടെ മാനസിക പീഡനം മൂലമാണെന്ന സംശയം ഉന്നയിച്ച് മാതാപിതാക്കൾ . എറണാകുളം മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി അമ്പിളി(24) ജീവനൊടുക്കിയത്.
കാസർകോട് ഹൊസ്ദുർഗ് സ്വദേശിനിയായ അമ്പിളിയെ ഏപ്രിൽ അഞ്ചിന് രാത്രി 11.45ഓടെയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിന് തൊട്ടുമുമ്പ് അമ്പിളി അമ്മയോട് സംസാരിച്ചിരുന്നുവെന്നും സാധാരണ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
“അമ്പിളി മരണത്തിന് തൊട്ടുമുമ്പ് അമ്മയോട് സംസാരിച്ചു. യാതൊരു മനപ്രയാസവും ഉണ്ടായിരുന്നില്ല . അവൾ എങ്ങനെ പെട്ടെന്ന് ആത്മഹത്യ ചെയ്തുവെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. കൂടാതെ, മരണസമയത്ത് പോലീസ് റിപ്പോർട്ട് ചെയ്തതിന് ശേഷവും അവളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നു . അത് എങ്ങനെ സാധ്യമാകും?” എന്നും മാതാപിതാക്കൾ ചോദിച്ചു.ഹോസ്റ്റലിനെ ചില വിദ്യാർത്ഥികളിൽ നിന്ന് അമ്പിളി തുടർച്ചയായി പീഡനം നേരിട്ടതായും കുടുംബം ആരോപിച്ചു. അവർ അമ്പിളിയുടെ ബാഗിൽ ചില സാധനങ്ങൾ വെക്കുകയും പിന്നീട് അമ്പിളി അത് മോഷ്ടിച്ചതാണെന്ന് ആരോപിക്കുകയും ചെയ്തു,” മാതാപിതാക്കൾ പറഞ്ഞു.
വാർഡൻ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെന്നും കുടുംബം പറയുന്നു . സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അമ്പിളിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി.