കോഴിക്കോട് : പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിനു കാരണം തലയ്ക്ക് പിന്നിലേറ്റ കനത്ത ആഘാതത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു . എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ഷഹബാസിനെ താമരശ്ശേരി ജിവിഎച്ച്എസ്എസ് താമരശ്ശേരിയിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ആക്രമിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം.
അതേസമയം, സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16 വയസ്സിന് താഴെയുള്ള അഞ്ച് പ്രതികൾക്കും കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നിഷേധിക്കുകയും 2025 മാർച്ച് 15 വരെ വെള്ളിമാടുകുന്നിലെ ആൺകുട്ടികൾക്കായുള്ള സർക്കാർ നിരീക്ഷണ ഭവനത്തിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. എങ്കിലും, പോലീസ് അകമ്പടിയോടെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അവരുടെ ഹാൾ ടിക്കറ്റുകളും മറ്റ് പരീക്ഷാ വിശദാംശങ്ങളും കോടതിയിൽ സമർപ്പിച്ചു.
വിദ്യാർത്ഥികൾ പഠിച്ചിരുന്ന ട്യൂഷൻ സെന്ററായ ട്രിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ യാത്രയപ്പ് പാർട്ടിയിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമെന്ന് റിപ്പോർട്ടുണ്ട് . ‘ ഒരു ഫോൺ കോൾ കാരണം പാർട്ടിയിലെ ഡിജെ മ്യൂസിക് പകുതിയിൽ നിർത്തി, ഇത് കൂക്കുവിളികൾക്കും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനും കാരണമായി. കൂടുതൽ സംഘർഷം ഭയന്ന് എംജെ എച്ച്എസ്എസിലെ വിദ്യാർത്ഥികൾ വേദിയിൽ നിന്ന് ഇറങ്ങുന്നത് ഒഴിവാക്കി. അഞ്ച് വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ ഇറക്കിയത് ഞങ്ങളാണ്,” – ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനായ അഖിലേഷ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം, ട്യൂഷൻ സെന്ററിൽ നിന്ന് 200 മീറ്റർ അകലെയുള്ള വെഴുപ്പൂർ റോഡിന് സമീപം എംജെ എച്ച്എസ്എസിലെ 35 വിദ്യാർത്ഥികളുടെ സംഘം ഒത്തുകൂടി. അതേസമയം ജിവിഎച്ച്എസ്എസ് താമരശ്ശേരിയിലെ അഞ്ച് വിദ്യാർത്ഥികൾ ഇവരെ നേരിടാനും എത്തി. ഇരു കൂട്ടരും തമ്മിലുള്ള അടിപിടിയ്ക്കിടെ ഷഹബാസിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഷഹബാസിന്റെ മൃതദേഹം ഇന്നലെ കെടവൂർ ജുമാ മസ്ജിദിൽ സംസ്കരിച്ചു.