കോഴിക്കോട്: ഗുരുതരമായ മസ്തിഷ്കരോഗം ബാധിച്ച് എത്തിയ യുവതി മന:ശാസ്ത്ര ചികിത്സയെ തുടർന്ന് മരിച്ചു എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബര്‍ നാലിനാണ് മൂന്ന് കുട്ടികളുടെ അമ്മയായ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതരമായ മസ്തിഷ്ക രോഗമാണ് രജനിക്ക് ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് രോഗം കണ്ടുപിടിച്ചത്. അതുവരെ മന:ശാസ്ത്ര ചികിത്സ തുടർന്നു. അപ്പോഴേക്കും ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. പിന്നീട് നില വഷളാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു.