തിരുവനന്തപുരം ; സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനം തിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം,ഇടുക്കി, തൃശൂർ , മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രാജ്യത്ത് ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്നുവെന്നാണ് സൂചന. അടുത്ത ഒരാഴ്ച്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂൺ 23 വരെയുള്ളാ ദിവസങ്ങളിൽ കേരളത്തിലും , മാഹിയിലും കനത്ത മഴ ലഭിച്ചേക്കാം. തമിഴ്നാട് , പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും കർണാടകയുടെ വടക്കൻ- തെക്കൽ ഉൾപ്രദേശങ്ങളിൽ ജൂൺ അവസാന വാരവും മഴ ലഭിച്ചേക്കും .

