മഴക്കാലത്ത് അടുക്കളയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഈച്ച ശല്യം. പല കാരണങ്ങളാൽ മഴക്കാലത്ത് ഈച്ചകളുടെയും, പ്രാണികളുടെയും ശല്യം പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. എന്നാൽ ഇവയെ തടയാൻ കീടനാശിനികളോ മറ്റ് കെമിക്കലുകളോ നമുക്ക് അടുക്കളയിൽ ഉപയോഗിക്കാനുമാകില്ല. അപ്പോൾ പ്രകൃതിദത്തമായ വഴികളിലൂടെ അടുക്കളയിലെ ഈ പ്രാണികളെ എങ്ങനെ തുരത്താമെന്ന് നോക്കാം.
യൂക്കാലിപ്റ്റ്സ് , വേപ്പ്, ലാവെൻഡർ , പേപ്പർമിന്റ് പോലുള്ള എണ്ണകൾ കൊണ്ട് വീട്ടിൽ തന്നെ നിർമ്മിക്കുന്ന സ്പ്രേ ഇത്തരം ഈച്ചകളെയും പ്രാണികളെയും തുരത്താൻ ഫലപ്രദമാണ്.
ചിതലിനെയും, മറ്റ് പ്രാണികളെയും അടുക്കളയിൽ നിന്ന് തുരത്താൻ വഴനയിലയും ഏറെ മികച്ചതാണ്. കാബിൻ മൂലകളിൽ ഇവ സൂക്ഷിച്ചാൽ ഇവയുടെ ഗന്ധം പ്രാണികളെയും ഈച്ചകളെയും അകറ്റും.
അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമല്ല ഉറുമ്പുകളെയും , പ്രാണികളെയും അകറ്റാനും കറുവപ്പട്ട സഹായിക്കുന്നു. അടുക്കളയുടെ കോണിൽ കറുവപ്പട്ട പൊടിച്ചത് വിതറിയാൽ ഇവ പ്രാണികളെ അകറ്റുമെന്ന് ഉറപ്പ്.
കാപ്പിപൊടി അടുക്കളയിൽ വിതറുന്നതും പ്രാണികളെ അകറ്റി നിർത്താൻ മികച്ച മാർഗമാണ്. അടുക്കളയിലെ ശല്യക്കാരായ പ്രാണികളെയും , ഈച്ചകളെയും മാത്രമല്ല പാറ്റകളെ വരെ തുരത്താൻ ബെസ്റ്റാണ് ഉള്ളി. കുറച്ച് ഉള്ളി അരിഞ്ഞത് ബേക്കിംഗ് സോഡയുമായി മിക്സ് ചെയ്ത് അടുക്കളയുടെ കോണുകളിൽ സൂക്ഷിച്ചാൽ പ്രാണികളെയും , ഒപ്പം പാറ്റകളെയും തുരത്താം .
പുതിനയിലയും, തുളസിയിലയും വെള്ളം ചേർത്ത് നന്നായി അരച്ച സ്പ്രേ ചെയ്യുന്നത് പ്രാണികളെയും ഈച്ചകളെയും തുരത്തും.

