കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പരിപാടിയുടെ സ്പോൺസർമാരായ ‘റിപ്പോർട്ടർ ചാനലി’ന്റെ ഓഫീസിലും ഉടമ ആന്റോ അഗസ്റ്റിന്റെ വസതിയിലും റെയ്ഡ് നടത്തി.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും വയനാടും ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഫുട്ബോൾ ഇതിഹാസം മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ 549.22 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സർക്കാർ ജിഎസ്ടി വകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരിപാടിയുടെ പ്രധാന സ്പോൺസർമാരായ ‘റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’യുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത വിദേശനാണ്യ ഇടപാടുകൾ, രഹസ്യ യുഎസ് ഡോളർ അക്കൗണ്ട് ഇടപാടുകൾ, കണക്കിൽപ്പെടാത്ത ബാങ്കിതര വായ്പകൾ, ആദായനികുതി വെട്ടിപ്പ്, സ്റ്റാമ്പ് പേപ്പറുകളുടെ മൂല്യം കുറച്ചുകാണിക്കൽ തുടങ്ങി നിരവധി ക്രമക്കേടുകൾ സംഘം കണ്ടെത്തിയിട്ടുണ്ട്. ആരോപിക്കപ്പെടുന്ന തട്ടിപ്പ് തടയുന്നതിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സർക്കാരിന് കൈമാറി.

