മക്ക: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് വിഭാഗം മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. ചരിത്രത്തിൽ ആദ്യമായാണ് മക്കയിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ സൗദിയ്ക്ക് നേരെ നടത്തിയ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്നാണ് ഈ മുന്നറിയിപ്പ് .
യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യയിൽ 13 പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. ആദ്യം ജാഗ്രതാ നിർദ്ദേശം നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അത് പിൻവലിച്ചു. മക്ക നഗരം സുരക്ഷിതമാണെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പിന്നീട് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
‘ മക്ക നഗരത്തിലെ അപകടസാധ്യത ഒഴിഞ്ഞു. നിങ്ങളുടെ സുരക്ഷയ്ക്കായി സിവിൽ ഡിഫൻസ് നിർദ്ദേശങ്ങൾ തുടർന്നും പാലിക്കുക; കൂട്ടംകൂടുന്നതും ചിത്രീകരണം നടത്തുന്നതും ഒഴിവാക്കുക. അടിയന്തര സാഹചര്യങ്ങളിൽ (911)-ൽ വിളിക്കുക.‘ എന്നാണ് ഡിഫൻസ് ഡയറക്ടറേറ്റിന്റെ അറിയിപ്പ്.
അതേസമയം, ഇസ്ലാമിലെ ഏറ്റവും പവിത്രമായ നഗരമായ മക്ക ലക്ഷ്യമാക്കി നീങ്ങിയ വിമതരുടെ ഡ്രോൺ വെടിവെച്ചിട്ടെന്ന സൗദി സൈന്യത്തിന്റെ അവകാശവാദം ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗമായ ഹാഷിം അൽ-അസദ് തള്ളി. മക്കയെ ലക്ഷ്യമിട്ടു എന്ന അവകാശവാദം മുമ്പും ഉപയോഗിച്ചിട്ടുള്ള പഴയൊരു നുണയാണെന്ന് ഹാഷിം അൽ-അസദ് ‘എക്സി’ൽ കുറിച്ചു.

