ഇടുക്കി: ഉപ്പുതറയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയതിനു പിന്നില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണിയെന്ന് മരിച്ച സജീവന്റെ പിതാവ് മോഹനന്. ഓട്ടോറിക്ഷയ്ക്ക് എടുത്ത 3 ലക്ഷം രൂപ വായ്പയില്‍ 140000 രൂപ അടയ്ക്കാന്‍ ബാക്കിയുണ്ട്. രണ്ടുമാസത്തെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്നാണ് മോഹനന് പറയുന്നത്.
ഉപ്പുതറ ഒന്പതേക്കര് എംസി കവലക്ക് സമീപം പട്ടത്തമ്പലം സജീവ് മോഹനന് (36) ഭാര്യ രേഷ്മ, (25) മക്കളായ ദേവന് (5), ദിയ (4) എന്നിവരെയാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരിച്ചടവ് മുടങ്ങിയതിന്റെ മാനസികാഘാതത്തിലായിരുന്നു സജീവെന്നും ആത്മഹത്യാക്കുറിപ്പില്‍ കല്ലട ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരുള്ളതായും ജില്ല പോലീസ് മേധാവിയും പറഞ്ഞു.
സജീവ് ഓട്ടോറിക്ഷയ്ക്കായി 3 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. പ്രതിമാസം 800 രൂപയായിരുന്നു തിരിച്ചടവ്. ഇതില്‍ രണ്ടുമാസത്തെ അടവ് മുടങ്ങി. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. വീട് വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മോഹനന് പറഞ്ഞു.