കോട്ടയം: മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കേരള കോൺഗ്രസ് നേതാവും കടുത്തുരുത്തിയിലെ എംഎൽഎയുമായിരുന്നു. പാലായിലെ ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം.
1991 മുതൽ 1996 വരെ കടുത്തുരുത്തി എംഎൽഎയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ആദ്യ ചെയർമാനുമായിരുന്നു . ആദ്യം കെ എം മാണിയോടൊപ്പം ചേർന്നു നിന്ന പി എം മാത്യൂ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലേയ്ക്ക് മാറി .വീണ്ടും കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചെത്തിയെങ്കിലും സജീവമല്ലായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫ് വേദിയിൽ എത്തി . കഴിഞ്ഞ മേയ് മാസം രൂപീകരിച്ച നാഷണൽ ഫാർമേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചത്. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ കടുത്തുരുത്തി സെൻ്റ് മേരീസ് താഴത്ത് പള്ളിയിൽ നടക്കും.

