മലപ്പുറം: പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷ് വിനോദ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് വിനീഷ് രക്ഷപ്പെട്ടത്. 21 വയസ്സുള്ള എൽഎൽബി വിദ്യാർത്ഥിയായ ദൃശ്യ 2021 ജൂണിലാണ് കൊല്ലപ്പെട്ടത്.
വിചാരണത്തടവുകാരനാണ് വിനീഷ് . മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു . ആശുപത്രിയിലെ മൂന്നാം വാർഡിലെ ടോയ്ലറ്റിന്റെ മതിൽ തുരന്നാണ് ഇയാൾ രക്ഷപ്പെട്ടത്. രാത്രി 11 മണിയോടെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മതിൽ തുരന്ന നിലയിൽ കണ്ടെത്തി. പ്രതി മുമ്പ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾക്കായി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
2022 ലും ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്ന് നാട്ടുകാർ പിടികൂടിയാണ് പോലീസിൽ ഏൽപ്പിച്ചത് . 2021 ജൂണിൽ ഇളംകുളത്തെ സി കെ ബാലചന്ദ്രന്റെ മകൾ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു . വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതകം.
പെൺകുട്ടി ഉറങ്ങിക്കിടന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവ ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലത്തെ ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളേജിൽ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായിരുന്നു ദൃശ്യ. ദൃശ്യയുടെ പിതാവിന്റെ കളിപ്പാട്ടക്കടയും ഇയാൾ കത്തിച്ചു. കൊലപാതകം നടത്തിയ ശേഷം പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഡ്രൈവർ ഇയാളെ സ്റ്റേഷനിൽ കൊണ്ടുപോയി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

