പാലക്കാട് : വടക്കാഞ്ചേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു.കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരില്‍ താമസക്കാരനുമായ രാഹുല്‍ ആണ് മണ്ണുത്തി പൊലീസിനെ വെട്ടിച്ച് കടന്നത്.
വടക്കാഞ്ചേരിയിലെ ബാറിന് സമീപം പ്രതി ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മണ്ണുത്തി പൊലീസ് അവിടെ എത്തിയത്. പിടികൂടി വിലങ്ങ് വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം.കഴിഞ്ഞമാസം മണ്ണുത്തിയില്‍ വെച്ച് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് രാഹുല്‍. പ്രതിക്കായി ആലത്തൂര്‍, വടക്കുഞ്ചേരി, നെന്മാറ, മണ്ണുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.

