തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു അറസ്റ്റിൽ . പ്രത്യേക അന്വേഷണ സംഘം നേരത്തെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു . കേസിൽ മൂന്നാം പ്രതിയണ് അദ്ദേഹം.
വാസു ദേവസ്വം കമ്മീഷണറായിരുന്നപ്പോൾ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയിരുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴികളും വാസുവിനെതിരെയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി എസ്.ഐ.ടി വാസുവിനെ ചോദ്യം ചെയ്തുവരികയാണ്. രേഖകളിൽ വരുത്തിയ തിരുത്തലുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, വാസു മറുപടി നൽകിയില്ല. ഈഞ്ചയ്ക്കലിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാസുവിന്റെ അറിവോടെയാണ് തങ്ങൾ എല്ലാം ചെയ്തതെന്ന് മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണറുടെ മൊഴിയും വാസുവിനെതിരെയായിരുന്നു.
അറസ്റ്റിലായ സുധീഷ് കുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു, പിന്നീട് വാസുവിന്റെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചു. വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.

