തിരുവനന്തപുരം: 37 ദിവസത്തിനു ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ബ്രിട്ടീഷ് റോയൽ നേവിയുടെ നൂതന എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് . യുകെ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ ഭാഗമായ വിമാനം ജൂൺ 14 ന് അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാർ സംഭവിച്ച് തിരുവനന്തപുരത്ത് ഇറക്കിയത്.
അവിടെ ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു സുരക്ഷിതമായ ലാൻഡിംഗ്. ഇന്ധനം നിറയ്ക്കലും ഗ്രൗണ്ട് സപ്പോർട്ടും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി.
അടിയന്തര ലാൻഡിംഗിന് ശേഷം, മഴയത്തും ഫൈറ്റർ ജെറ്റ് ദിവസങ്ങളോളം തുറന്ന സ്ഥലത്തായിരുന്നു . ഇത് വൈറലായ മീമുകൾക്കും സോഷ്യൽ മീഡിയ ട്രോളുകൾക്കും വിഷയമായി. ഒടുവിൽ, ജെറ്റ് വിമാനത്താവളത്തിലെ എയർ ഇന്ത്യ ഹാംഗറിലേക്ക് മാറ്റി, അവിടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ യുകെ റോയൽ എയർഫോഴ്സിൽ നിന്നുള്ള ഒരു സാങ്കേതിക സംഘത്തെ എത്തിച്ചു. തകരാർ പരിഹരിച്ച് എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം, എഫ് -35 ബി ചൊവ്വാഴ്ച വിജയകരമായി പറന്നുയർന്നു. അതേസമയം മടക്കയാത്ര ഓസ്ട്രേലിയയിലേക്കാണെന്നാണ് സൂചന.

