കൊച്ചി : എറണാകുളത്തെ കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്തിൽ കുടിയിറക്ക് ശ്രമത്തിനിടെ സംഘർഷാവസ്ഥ . നാട്ടുകാരിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി . ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന്, കുടിയിറക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.സ്ഥലത്ത് 15-ാമത്തെ കുടിയൊഴിപ്പിക്കൽ ശ്രമമായിരുന്നു ഇത്.
പ്രതിഷേധത്തിനിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് പ്രതിഷേധ വേദിയിലേക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യാനും ശ്രമങ്ങൾ നടന്നു. മുമ്പ് 14 തവണ, കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നപ്പോഴും പോലീസ് സംയമനം പാലിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ . സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഏകദേശം 50 വർഷമായി തുടരുകയാണ്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി, അഡ്വക്കേറ്റ് കമ്മീഷണറും റവന്യൂ, കോടതി ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഇവിടെ പലതവണ ഒഴിപ്പിക്കൽ നടപടികൾക്ക് ശ്രമിച്ചിരുന്നു.ഈ ഭൂമി തന്റേതാണെന്ന് കാട്ടി കണ്ണോത്ത് ശങ്കരൻ നായർ എന്നയാളാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത് .
58 വർഷം മുൻപ് കാളുക്കുറുമ്പൻ എന്നയാൾ ഈ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് ശങ്കർനായർ ഹർജിയിൽ പറയുന്നത്. എന്നാൽ ഭൂമി തന്റെ മുത്തച്ഛൻ വഴി പാരമ്പര്യമായി ലഭിച്ചതാണെന്നാണ് കാളുക്കുറുമ്പന്റെ മകൻ ചോതിയുടെ വാദം. വർഷങ്ങളായി തങ്ങൾ താമസിച്ചിരുന്ന ഭൂമിയിൽ നിന്ന് മാറില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികളും. അവരെ കുടിയിറക്കിയാൽ അവരുടെ പുനരധിവാസം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയുമില്ല.

