കൊച്ചി ; റെയ്ഡിന് പിന്നാലെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി എൻഫോഴ്സ്മെന്റ് . ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകും . കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ വീണയുടെ ഫോൺ ഇഡി പിടിച്ചെടുത്തിരുന്നു.
ഫോൺ വീണയുടെ സാന്നിധ്യത്തിൽ പരിശോധിക്കണോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. സ്വത്തുവിവരങ്ങൾ അടക്കമുള്ളവയിലും അന്വേഷണമുണ്ടാകും. അതിനിടെ സമൻസിനെതിരെ വീണ കോടതിയിൽ പോയാൽ അതിനെ പ്രതിരോധിക്കാൻ റെയ്ഡിനിടെ ഉണ്ടായ അക്രമസംഭവങ്ങൾ അടക്കം ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ നീക്കം.
കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തവയിൽ നിർണ്ണായക രേഖകളും , ഡിജിറ്റൽ ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത് . ഇക്കൂട്ടത്തിൽ വീണയുടെ ഫോണും ഉണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും മുൻപ് തുറന്ന് പരിശോധിക്കും . പിടിച്ചെടുത്ത രേഖകളും, ഡിജിറ്റൽ ഉപകരണങ്ങളും പരിശോധിച്ച ശേഷമാകും വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കുക. ഇത് അധികം വൈകില്ലെന്നാണ് റിപ്പോർട്ടുകൾ.
കണ്ടെടുത്ത രേഖകൾ വിശദമായി പരിശോധിച്ചശേഷം സിഎം ആർ എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിക്കാനായിരുന്നു ഇഡിയുടെ ആദ്യ തീരുമാനം . എന്നാൽ കഴിഞ്ഞ ദിവസം അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യം വീണയ്ക്കാകും സമൻസ് അയക്കുക . ഹാജരായില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും.
കോടതിയെ സമീപിച്ചാൽ റെയ്ഡ് സമയത്ത് അക്രമങ്ങൾ ഉണ്ടായതിനാൽ വീണയെ ചോദ്യം ചെയ്യാൻ ആയില്ലെന്നാകും ഇഡി കോടതിയെ അറിയിക്കുക.അതുകൊണ്ട് തന്നെ വീണയെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതാകും ഉചിതമെന്നും ഇഡി കോടതിയിൽ വാദിക്കും. പിണറായി വിജയനെ സംരക്ഷിക്കാനെന്ന പേരിൽ സിപിഎമ്മുകാർ നടത്തിയ അക്രമങ്ങൾ തന്നെ ഇഡി തങ്ങളുടെ ആയുധമാക്കുമെന്നാണ് സൂചന.

