തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പരാജയം പായസ വിതരണം നടത്തി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും . പത്തനാപുരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതി കുമാർ ചാമക്കാലയാണ് ഗണേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പായസം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് സ്കൂൾ ഉടമകളും ജീവനക്കാരും ഈ പരാജയം ആഘോഷിച്ചത്. കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരിക്കെ തങ്ങളുടെ തൊഴിൽ തകർത്തുവെന്നും, പരാതികൾ ശ്രദ്ധിക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറഞ്ഞു.
സാധാരണക്കാരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുക എന്നതാണ് ഗണേഷ് കുമാറിന്റെ അജണ്ട . പരീക്ഷകളിൽ തങ്ങളുടെ കുട്ടികളുടെ വിജയശതമാനം കുറയുമ്പോഴും മന്ത്രിയ്ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളിൽ ആളുകൾ പാസാകുന്നുണ്ടെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും പറഞ്ഞു.
ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്ററുകളെക്കുറിച്ചുള്ള പ്രചാരണങ്ങൾക്കിടയിലും ആറ് മാസമായി പലയിടത്തും ക്യാമറകളോ മൈക്രോഫോണുകളോ പ്രവർത്തിക്കുന്നില്ലെന്നും അവർ പറയുന്നു . പലതവണ അദ്ദേഹത്തെ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചതായും അവർ പറഞ്ഞു.

