കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പിന്തുണച്ച് എപി സുന്നി വിഭാഗം . പെരുമണ്ണയിൽ നടന്ന മതപ്രഭാഷണത്തിനിടെ മുതിർന്ന നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് സംസാരിച്ചത്.
‘ ആശുപത്രികളിൽ തന്നെ പ്രസവം നടത്തണമെന്ന് രാജ്യത്ത് നിയമമുണ്ടോ . കേസിനെയും പോലീസിനെയും ആരും പേടിക്കേണ്ടതില്ല . വീട്ടിൽ പ്രസവിക്കുന്നത് അവരുടെ സ്വന്തം സൗകര്യമാണ്. വീട്ടിൽ പ്രസവം എടുക്കുന്നവരെ കുറ്റപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതൊരു മോശം ലോകമാണ്. ‘ എന്നും സയ്യിദ് സ്വാലിഹ് തുറാബ് പറഞ്ഞു.
മലപ്പുറത്ത് അടുത്തിടെ വീട്ടിൽ പ്രസവം നടന്ന ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചിരുന്നു. പെരുമ്പാവൂരിലെ ഇബ്രാഹിം മുസ്ലിയാരുടെ മകൾ അസ്മ (35) ആണ് മരിച്ചത് . ഇതോടെ വീട്ടിൽ പ്രസവിക്കുന്നതിനെതിരെ വലിയ ബോധവത്കരണം ആരംഭിച്ചു .
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ഭാര്യ ആശുപത്രിയിൽ പ്രസവിക്കുന്നതിനെ എതിർത്ത ഭർത്താവ് അമ്പലപ്പുഴ നീർക്കുന്നം സിറാജ് മൻസിലിൽ സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസ്മയുടെ പ്രസവത്തിന് സഹായിച്ച സ്ത്രീയും അറസ്റ്റിലായി. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്.
മടാവുൽ ഖാഫില എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിറാജുദ്ദീൻ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചത്. എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും തൻ്റെ കഴിവ് ഉപയോഗിച്ച് പലരിലും അന്ധവിശ്വാസങ്ങൾ കുത്തിനിറച്ചു. വീട്ടിലെ പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രസംഗങ്ങളും നടത്തിയിരുന്നു

