കോട്ടയം: പാലാ മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. അതോടെ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിച്ചു . ആകെ 17 കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ അഞ്ച് യുഡിഎഫ് കൗൺസിലർമാരും വിമതയായ മായാ രാഹുലും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു . സ്വന്തം മുന്നണിക്കെതിരായ പ്രമേയത്തെയാണ് യുഡിഎഫ് കൗൺസിലർമാർ പിന്തുണച്ചത്.
പ്രമേയം പാസായതിനെത്തുടർന്ന്, ദിയ ബിനു പുളിക്കക്കണ്ടത്തിന് പാലാ മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്സൺ സ്ഥാനം നഷ്ടപ്പെട്ടു. ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് നഗരസഭ അധികാരം നിലനിർത്തിയിരുന്നത്. മുനിസിപ്പാലിറ്റിയിൽ 26 സീറ്റുകളുണ്ട്, കേവല ഭൂരിപക്ഷം നേടാൻ കുറഞ്ഞത് 14 കൗൺസിലർമാരുടെ പിന്തുണ ആവശ്യമായിരുന്നു.
കോൺഗ്രസ് കൗൺസിലർമാരായ ലിസ്സി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവർ പാർട്ടിയുടെ നിർദ്ദേശം ലംഘിച്ച് യോഗത്തിൽ പങ്കെടുക്കുകയും പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്തത്. കോൺഗ്രസ് അംഗങ്ങളായ റിയ ചീരംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി)യിലെ പ്രിൻസ് സണ്ണിയും ഹാജരായില്ല.

