ലക്നൗ ; അയോധ്യ രാമക്ഷേത്ര സംഭാവന മോഷണ അന്വേഷണത്തിനായി എസ്ഐടി പുനഃസംഘടിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി . മോഷണക്കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ ഇന്ന് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു . ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്.
എസ്ഐടി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണമെന്നും രാമക്ഷേത്ര സംഭാവന മോഷണ അന്വേഷണം നിർണായക ഘട്ടത്തിലേക്കെത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിനായി ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് പേരുകൾ തേടാൻ കോടതി സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്തയോട് നിർദ്ദേശിച്ചു.
നിലവിലുള്ള എസ്ഐടി അതിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുകയും ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ എസ്ഐടി രൂപീകരിക്കാൻ കോടതി നിർദ്ദേശം നൽകിയത്. മാത്രമല്ല വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന താക്കീതും കോടതി നൽകി. “ഒരു മുന്നറിയിപ്പ് മാത്രം. ദയവായി വിഷയം രാഷ്ട്രീയവൽക്കരിക്കരുത്. കോടതികൾ രാഷ്ട്രീയത്തിനുള്ള സ്ഥലമല്ല. ഇത് ഒരു ലളിതമായ കേസാണ്. ശരിയായ അന്വേഷണം ഉറപ്പാക്കാൻ മാത്രമാണ് ഞങ്ങൾ വന്നിരിക്കുന്നത്,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

