കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് എം സ്വരാജ് മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. സ്വരാജിനായുള്ള ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം നിരസിച്ചതായാണ് വിവരം. തൃപ്പൂണിത്തുറ പിടിച്ചെടുക്കാൻ വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതായും സൂചനയുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മുൻ കൊച്ചി മേയർ അനിൽ കുമാറിനെയും പരിഗണിച്ചില്ല. വൈപ്പിനിൽ എം ബി ഷൈനി സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ് ഷൈനി. സ്ഥാനാർത്ഥികളുടെ പട്ടിക നാളെ സെക്രട്ടേറിയേറ്റ് യോഗത്തിൽ അന്തിമമാക്കും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയും ഇതുവരെ അന്തിമമായിട്ടില്ല. വനിതാ പ്രാതിനിധ്യത്തിൽ ഗണ്യമായ വർദ്ധനവിന് സാധ്യതയില്ല. സിറ്റിംഗ് എംഎൽഎമാരിൽ ഉമ തോമസ് മാത്രമാണ് ഏക വനിത.
വനിതാ കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുമെന്ന് ഉറപ്പാണ്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഒഴികെയുള്ള എല്ലാ സിറ്റിംഗ് എംഎൽഎമാരെയും മത്സരിപ്പിക്കാൻ തീരുമാനമുള്ളതിനാൽ 19 സീറ്റുകളിൽ സ്ത്രീകൾക്ക് മത്സരിക്കാൻ കഴിയില്ല.
മുൻ മന്ത്രി ജയലക്ഷ്മിയെ മാനന്തവാടിയിൽ പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിൽ അവർ പുറത്തായി. സുൽത്താൻ ബത്തേരിയിൽ ജയലക്ഷ്മിയുടെ സ്ഥാനാർത്ഥിത്വത്തെ ഐ സി ബാലകൃഷ്ണൻ എതിർത്തതിനാൽ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഇവിടെ മത്സരിക്കാനുള്ള സാധ്യതയുണ്ട്.

