തിരുവനന്തപുരം ; സിപിഐയുടെ മുതിർന്ന നേതാവും മുൻ എം പിയുമായ ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേയ്ക്കെന്ന് സൂചന.സംസ്ഥാന നേതൃത്വവുമായി പലവട്ടം ചർച്ചകൾ നടത്തിയെന്നാണ് സൂചന . സിപിഐ നേതൃവുമായി അകൽച്ച ശക്തമായതോടെയാണ് ചെങ്ങറ സുരേന്ദ്രൻ ബിജെപിയുമായി അടുക്കുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ചെങ്ങറ സുരേന്ദ്രൻ പാർട്ടി നടപടി നേരിട്ടിരുന്നു.
ദേവസ്വം വക സ്കൂളിൽ മകൾക്ക് അഡ്മിഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ കണ്ണൂ സ്വദേശിയിൽ നിന്ന് വാങ്ങിയെന്ന പരാതിയിന്മേലായിരുന്നു പാർട്ടിയുടെ നടപടി . സിപിഐ കൊല്ലം ജില്ലാ കൗൺസിലാണ് അന്ന് നടപടി സ്വീകരിച്ചത്. പണം വാങ്ങിയ ശേഷം ജോലി നൽകുകയോ, പണം മടക്കി നൽകുകയോ ചെയ്തില്ല.
സിപിഐ എം എൽ എ മാരായിരുന്ന കെ അജിത്തും , സി സി മുകുന്ദനും നേരത്തെ ബിജെപിയിൽ എത്തൊയിരുന്നു. അതിനു പിന്നാലെയാണ് ചെങ്ങറയും പാർട്ടി വിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സുരേന്ദ്രനെ പാർട്ടി സസ്പെൻഡ് ചെയ്തത് . ഒരു വര്‍ഷത്തേക്കായിരുന്നു സസ്പെന്‍ഷനെങ്കിലും ഇതുവരെ നടപടി പിന്‍വലിക്കാന്‍ നേതൃത്വം കൂട്ടാക്കിയിട്ടില്ല.
രണ്ട് തവണ ലോക്സഭാ എം പിയായിരുന്ന സുരേന്ദ്രൻ 1998 ലും, 2004 ലും അടൂർ മണ്ഡലത്തിൽ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്.2014ല്‍ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനോട് പരാജയപ്പെട്ടു.

