കാസർകോട് ; മയക്കുമരുന്ന് അന്വേഷണത്തിനായി പോയ പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.45 ന് ചെങ്കള നാലാം മൈലിലാണ് അപകടം.
ഇന്നലെ വൈകുന്നേരം 4:30 ന് ഒരു കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് മേൽപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു. കേസിൽ ചട്ടഞ്ചാൽ സ്വദേശിയായ അഹമ്മദ് കബീർ അറസ്റ്റിലായി. എന്നാൽ, മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ഡോ. മുനീർ രക്ഷപ്പെട്ടു.
മുനീർ അവിടെയുണ്ടെന്ന വിവരത്തെത്തുടർന്ന് സജീഷും സംഘവും കാസർകോടേയ്ക്ക് പോകുകയായിരുന്നു. നാലാം മൈൽ അണ്ടർപാസിന്റെ തെക്ക് ഭാഗത്ത് നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ, ചെർക്കള ഭാഗത്തുനിന്ന് കാസർഗോഡിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി അവരുടെ വാഹനത്തിൽ ഇടിച്ചു.
സജീഷിനൊപ്പം ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സുഭാഷിനും അപകടത്തിൽ പരിക്കേറ്റു. സുഭാഷ് ചെങ്കളയിലെ ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. സജീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. ഭാര്യ ഷൈനി, മക്കൾ ; ദിയ, ദേവനന്ദൻ .

