സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് വിജയിച്ചത് മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കവെയാണ് വിജയരാഘവൻ ഇക്കാര്യം പറഞ്ഞത്.
ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങളായ തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും രാഹുലിന്റെയും പ്രിയങ്കയുടെയും ഘോഷയാത്രകളുടെ മുന്നിലും പിന്നിലും അണിനിരന്നു. കോൺഗ്രസ് സൂക്ഷ്മതയോടെ രാഷ്ട്രീയം കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ഗോപി ഡൽഹിയിലെത്തിയതെന്നും വിജയരാഘവൻ പറഞ്ഞു.
ദേശീയ സ്വാതന്ത്ര്യസമര മൂല്യങ്ങളുടെ അടിത്തറയിലുള്ള ഭരണ നേതൃത്വമുള്ള നാടല്ല ഇന്ന് നമ്മുടെ രാജ്യം. ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തിൽ വന്നിരിക്കുകയാണ്. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നിഗൂഢമായി പ്രവർത്തിക്കുന്ന, സങ്കീർണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടുള്ള പ്രസ്ഥാനവുമാണ് ആർ.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയിൽ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാൻ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. കേരളസർക്കാരിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്രസർക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. അവർക്ക് കേരളം നശിച്ചാലും കുഴപ്പമില്ല എന്ന നിലപാടാണ് ഉള്ളതെന്നും എ വിജയരാഘവൻ ആരോപിച്ചു.