കൊച്ചി ; ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കി ഇന്റേണൽ മാർക്കിനെ മാറ്റുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു.
ഹോസ്റ്റൽ മുറി പോലും വിദ്യാർത്ഥിക്ക് നൽകിയിരുന്നില്ല. ഇൻ്റേണൽ മാർക്കിന് സമിതിയെ നിയോഗിക്കാൻ വ്യവസ്ഥ ചെയ്യണം. അധ്യാപകൻ മാത്രം ഇൻ്റേണൽ മാർക്ക് നൽകുന്ന സമ്പ്രദായം നിർത്തലാക്കണം. ഇൻ്റേണൽ മാർക്ക് നൽകുന്നതിലെ മാനദണ്ഡം പുനഃക്രമീകരിക്കണം ഇത്തരം അധ്യാപകർ നാടിന് അപമാനമാണ്. സർക്കാർ നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ വായ്പ ഇടപാടുമായുള്ള ബന്ധം പറയാനാകില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിൽ, ലോൺ ആപ്പിൽ നിന്നുള്ള മെസേജുകളും അന്വേഷണ പരിധിയിലുണ്ട്. അധ്യാപികയുടെ നമ്പറിലേക്ക് വന്ന മെസേജുകൾ ആണ് പരിശോധിക്കുക. അധ്യാപികയുടെ നമ്പർ ലോൺ ആപ്പ് സംഘത്തിന് എങ്ങനെ ലഭിച്ചെന്നത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് കണ്ണൂരിൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കിയത് . കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഎൽ നിതിൻ രാജ് (23) ആണ് മരിച്ചത് . സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നിറം, ജാതി, സാമ്പത്തിക സ്ഥിതി എന്നിവയുടെ പേരിൽ നിതിൻ നിരന്തരം അധ്യാപകരിൽ നിന്ന് പീഡനം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് നിതിനെ മാനസികമായി തളർത്തിയതായി പറയപ്പെടുന്നു. നിതിൻ എച്ച്ഒഡിക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് ഫാക്കൽറ്റിയും മോശമായി പെരുമാറിയിരുന്നു . ഡോ. എം.കെ. റാം മകനോട് മോശമായി പെരുമാറിയെന്ന് നിതിന്റെ പിതാവ് ആരോപിച്ചിരുന്നു.
അമ്മയുടെ അസുഖത്തിന്റെ പേരിൽ പോലും പരിഹസിച്ചുവെന്നും, കയ്യും, കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിതിൻ പറയുന്ന ശബ്ദസന്ദേശവും പുറത്ത് വന്നിരുന്നു

