തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തിൽ സഹപാഠിയും മാതാവും അറസ്റ്റിൽ. ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. 16 ലക്ഷത്തിന്റെ കാറാണ് അഗ്നിക്കിരയായത് . തീ വയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു.
നവംബർ 11 ന് അർദ്ധരാത്രിയാണ് സംഭവം . തീയണയ്ക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിന്റെ കാലിന് സാരമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ച് പെൺകുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ 16 കാരനായ പ്രതി ആറ്റിങ്ങലിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സഹപാഠിയുടെ മോശമായ പെരുമാറ്റം പെൺകുട്ടി മുൻപ് വിലക്കിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്. 16 കാരൻ അമ്മയുടെ അറിവോടുകൂടിയാണ് അതിക്രമം നടത്തിയത്. പെട്രോളും കന്നാസും വാങ്ങാനുള്ള പണവും അമ്മ നൽകിയിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.