മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം നാളെ. ശിവരാത്രി നാള് ആരംഭിച്ച കുത്തിയോട്ട വഴിപാടുകളും കെട്ടുകാഴ്ചകളും നാളെ ഭഗവതിക്കു മുന്പില് സമര്‍പ്പിക്കും. 14 കുത്തിയോട്ട വഴിപാടുകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. വഴിപാട് ഭവനങ്ങളില്‍ നിന്ന് നാളെ രാവിലെ ആരംഭിക്കുന്ന കുത്തിയോട്ട ഘോഷയാത്ര ഉച്ചയ്ക്കു മുന്‍പായി ക്ഷേത്രത്തിലെത്തിച്ചേരും.
രണ്ടരയോടെ കരകളില്‍ നിന്ന് കെട്ടുകാഴ്ച വരവ് ആരംഭിക്കും. 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ വൈകിട്ട് നാലരയോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. പിന്നീട് കരക്രമത്തില്‍ ക്ഷേത്രത്തിനു മുന്പിലെ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കും.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നെള്ളുന്ന ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്പിലെത്തും. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്കു മടങ്ങുന്നതോടെ കുംഭഭരണി മഹോത്സവം സമാപിക്കും.