പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി . ഐപിസി 103(I), 126(II) വകുപ്പുകൾ പ്രകാരം ചെന്താമര കുറ്റക്കാരനാണെന്ന് ജഡ്ജി കെന്നത്ത് ജോൺ പ്രസ്താവിച്ചു. വളരെ ശാന്തമായി കോടതിയിൽ ഹാജരായ പ്രതി കുറ്റബോധമില്ലാതെയാണ് പെരുമാറിയത്. തനിക്ക് ഒന്നും പറയാനില്ലെന്നും തൂക്കിലേറ്റണാമെന്നും ചെന്താമര കോടതിയോട് പറഞ്ഞു.
എഴുതാൻ പറ്റുന്നത് എഴുതിക്കോയെന്നും , തടസം നിന്നാൽ ഇങ്ങനെയായിരിക്കും പെരുമാറ്റമെന്നും ചെന്താമര പറഞ്ഞിരുന്നു. പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ ചെന്താമര ഏക പ്രതിയാണ്. സുധാകരന്റെ മക്കളായ അഖില, അതുല്യ, മറ്റ് ബന്ധുക്കൾ എന്നിവർ കോടതിയിൽ എത്തിയിരുന്നു. ശിക്ഷ 15 ന് പ്രഖ്യാപിക്കും.
2025 ജനുവരി 27 നാണ് പോത്തുണ്ടി ബോയൻ കോളനിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത് . 2019 ഓഗസ്റ്റ് 31 ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ കോടതി ചെന്താമരയെ ഇരട്ട ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കിടെ പരോളിൽ എത്തിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും ഇയാൾ കൊലപ്പെടുത്തിയത്. ഭാര്യ തന്നോട് അകലാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് ചെന്താമര ആദ്യ കൃത്യം ചെയ്തത്.

