പാലക്കാട്: കോടതിയിൽ പരസ്യമായി ഭീഷണി മുഴക്കി നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര . വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നാണ് ചെന്താമരയുടെ ഭീഷണി.
“അടിച്ചാൽ മറ്റേ കവിൾ കാണിക്കാൻ ഞാൻ ഗാന്ധിയല്ല. ആവശ്യമെങ്കിൽ, ഞാൻ മറ്റുള്ളവരെയും കൊല്ലും. കോടതിയോട് ഒന്നും പറയാനില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ തൂക്കിലേറ്റുക. ഞാൻ അനുഭവിച്ചതിന് സമാനമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ നിങ്ങൾക്ക് എന്നെ മനസ്സിലാകൂ. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള വിധി എഴുതൂ,” -എന്നും ചെന്താമര കോടതിയിൽ പറഞ്ഞു.
വിചാരണയ്ക്കിടെ, സാക്ഷികളെ ഭീഷണിപ്പെടുത്തിയ ചെന്താമര തെളിവെടുപ്പിനിടയിലും ഇതേ പെരുമാറ്റം തുടർന്നു. വിധി വരുന്നതിനു തൊട്ട് മുമ്പ് പോലും ചെന്താമരയ്ക്ക് പശ്ചാത്താപം ഉണ്ടായിരുന്നില്ല. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ചെന്താമരയ്ക്കെതിരെ വധശിക്ഷ, ജീവപര്യന്തം തടവ്, പിഴ എന്നിവ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഈ വാദത്തെ തള്ളിക്കളഞ്ഞ കോടതി ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും എടുത്തുകാട്ടി. ഐപിസിയിലെ 103(I), 126(II) വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് . ശിക്ഷ ബുധനാഴ്ച വിധിക്കും. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ ചെന്താമര ഏക പ്രതിയാണ്. സുധാകരന്റെ മക്കളായ അഖില, അതുല്യ, എന്നിവരും മറ്റ് ബന്ധുക്കളും തിങ്കളാഴ്ച കോടതിയിൽ ഉണ്ടായിരുന്നു.

