തൃശൂർ : ചാലക്കുടി ബാങ്കിന്റെ മാനേജർ മണ്ടനാണെന്ന് മോഷണക്കേസിൽ പിടിയിലായ പ്രതി റിജോ ആന്റണി .‘ കത്തി കാണിച്ച ഉടൻ ബാങ്ക് മാനേജർ മാറിത്തന്നു . മാനേജർ ഉൾപ്പെടെയുള്ള 2 ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്നു പിന്മാറിയേനെ’’ – പ്രതി പൊലീസിനോട് പറഞ്ഞു
ചാലക്കുടി ബാങ്ക് കവർച്ച കേസിൽ റിജോ ആന്റണി മോഷ്ടിച്ച മുഴുവൻ തുകയും പോലീസ് കണ്ടെടുത്തു. റിജോ കടം വീട്ടിയ അന്നനാട് സ്വദേശിയായ ഒരു കടക്കാരൻ ഞായറാഴ്ച ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ എത്തി 2.9 ലക്ഷം രൂപ തിരികെ നൽകി. ബാക്കി 12 ലക്ഷം രൂപ പ്രതിയുടെ കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്ന് പോലീസ് കണ്ടെത്തി. കവർച്ചയ്ക്ക് ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും അടുക്കളയിൽ നിന്ന് കണ്ടെത്തി.
തെളിവെടുപ്പിനായി റിജോയെ രാവിലെ വീട്ടിലെത്തിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ബാങ്കിലേക്ക് കൊണ്ടുപോകും, തുടർന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം, ചാലക്കുടി പള്ളിയിലെ പെരുനാളീൽ പ്രതി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവർച്ച നടത്തുന്നതിന് മുമ്പ് പള്ളിപ്പെരുനാളിന് വന്ന ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് വാഹനത്തിൽ ഘടിപ്പിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.