കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പായ ‘ഇൻസ്റ്റ പേ’യ്ക്കെതിരെ പോലീസ് കേസെടുത്തു. നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചതായും പണം തിരികെ നൽകാൻ സമ്മർദ്ദം ചെലുത്തിയതായും എഫ്ഐആറിൽ പറയുന്നു. ലോൺ ആപ്പ് വഴി നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് ഒരു കോളേജ് അധ്യാപകൻ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു.
ജനുവരി 16-ന് ലോൺ ആപ്പിൽ നിന്ന് നിതിൻ രാജ് 15,000 രൂപ വായ്പ എടുത്തു. 36 ശതമാനം പലിശ നിരക്കിലാണ് പണം കടം വാങ്ങിയത് . മരണത്തിന് തലേദിവസം, നിതിൻ രാജിനെ ആപ്പിൽ നിന്ന് 98 തവണ വിളിച്ചു. നിതിൻ രാജിന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ള നമ്പറുകളിലേക്ക് പോലും ആപ്പിൽ നിന്ന് ഫോൺ കോളുകൾ ലഭിച്ചു. തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് നിതിൻ രാജിനെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് അധ്യാപകർ പറഞ്ഞു. ഇതിനെത്തുടർന്നാണ് പോലീസ് ലോൺ ആപ്പിനെതിരെ കേസെടുത്തത്.
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതരായ അധ്യാപകർ ഏഴാം ദിവസവും ഒളിവിലാണ്. അവർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെത്തുടർന്ന് കോളേജ് അധികൃതർ രക്ഷിതാക്കളുമായി ചർച്ച നടത്തി ഡോ. റാമിനെ പുറത്താക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ നിതിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ അധ്യാപകരെയും പുറത്താക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത് . അതുകൊണ്ട് തന്നെ പ്രതിഷേധം തുടരാൻ വിദ്യാർത്ഥികൾ തീരുമാനിച്ചു.

