മുംബൈ : നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൽ നടന്ന മതപരിവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ത്യ തേടുന്ന വിവാദമതപ്രഭാഷകൻ സക്കീർ നായിക്കിലേയ്ക്ക്. മതപരിവർത്തനത്തിലും സ്ഥാപനത്തിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിലും അന്താരാഷ്ട്ര തീവ്രവാദ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികൾക്ക് വിദേശ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് സഹായം ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു . എൻഐഎ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്, ഐബി എന്നിവർ ചേർന്നാണ് അന്വേഷണം നടത്തുന്നത്.
ഒമ്പത് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ എച്ച്ആർ അസിസ്റ്റന്റ് ജനറൽ മാനേജർ നിദ ഖാനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. സക്കീർ നായിക്കുമായി ബന്ധപ്പെട്ട ഒരു മലേഷ്യൻ മതപ്രഭാഷകൻ പ്രതികളുമായി വീഡിയോ കോൾ നടത്തിയിരുന്നതിനെ പറ്റിയും അന്വേഷിക്കുന്നുണ്ട് . ഡിജിറ്റൽ തെളിവുകളും ശേഖരിച്ചുവരികയാണ്.
അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ, ടിസിഎസ് ഔട്ട്സോഴ്സിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ജീവനക്കാരോട് തൽക്കാലം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് . ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഓഫീസിൽ നടന്ന സംഘടിത കുറ്റകൃത്യം അടുത്തിടെയാണ് വനിതാ ജീവനക്കാർ പുറത്തുകൊണ്ടുവന്നത് . പിന്നാലെ ജീവനക്കാരായ ഡാനിഷ് ഷെയ്ക്ക്, തൗസിഫ് അത്തർ, ഷാഫി ഷെയ്ക്ക്, ആസിഫ് അൻസാരി, റെസ മേമൻ, ഷാരൂഖ് ഖുറേഷി അശ്വിൻ ചിനാനി (ഓപ്പറേഷൻസ് മാനേജർ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
2022 ജൂലൈ മുതൽ കമ്പനിയിലെ സ്ത്രീ ജീവനക്കാർ കടുത്ത ലൈംഗികവും മാനസികവുമായ പീഡനം നേരിട്ടുവെന്നാണ് പരാതി. നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ നടന്നു. നമസ്കരിക്കാനും ബീഫ് കഴിക്കാനും നിർബന്ധിച്ചു എച്ച്ആർ വകുപ്പിലും ഇന്റേണൽ കമ്മിറ്റിയിലും പരാതികൾ സമർപ്പിച്ചിട്ടും അവഗണിച്ചു. പരാതികളും, ഡിജിറ്റൽ സന്ദേശങ്ങളും മറച്ചുവച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നുള്ള ജീവനക്കാരെ ചൂഷണം ചെയ്തും, പ്രണയത്തിൽ കുടുക്കി ലൈംഗികമായി പീഡിപ്പിച്ചുമാണ് മതപരിവർത്തനം നടത്തിയത്.

