ലാഹോർ : ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത ലഷ്കറെ തയിബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് (67) കഴിഞ്ഞ ദിവസമാണ് വെടിയേറ്റത്. ഓപ്പറേഷൻ സിന്ദൂർ വഴി ഇന്ത്യ നൽകിയ തിരിച്ചടിയ്ക്ക് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അജ്ഞാതർ ഹംസയെ ആക്രമിച്ചത് .2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഹംസ.
ലാഹോറിലെ ന്യൂസ് 24 ന്റെ ഓഫീസിൽ നിന്ന് പരിപാടി കഴിഞ്ഞ് ജഡ്ജി നസീർ അഹമ്മദ് ഗാസിക്കൊപ്പം പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് അമീർ ഹംസയ്ക്ക് വെടിയേറ്റത്.പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് ഭീകരർ കൊല്ലപ്പെടുന്ന സംഭവങ്ങൾ തുടർച്ചയാകുകയാണ്. ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’ വിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ആക്രമണമെന്നാണു സമൂഹമാധ്യമത്തിലെ കമന്റുകൾ. കറാച്ചിയിൽ സഹൂർ മിസ്ത്രിയെ മോട്ടോർ സൈക്കിളിൽ എത്തിയ തോക്കുധാരികൾ കൊലപ്പെടുത്തിയതായി കാണിക്കുന്ന രംഗങ്ങൾ ബോളിവുഡ് ചിത്രമായ ‘ധുരന്ധർ 2’ വിൽ ഉണ്ടായിരുന്നു. അതിന്റെ അനുകരണമാണ് ഹംസയ്ക്ക് നേരെ ഉണ്ടായതെന്നും പറയപ്പെടുന്നു.
ഇന്ത്യയുടെ ടെക് ഹബ്ബിൽ വ്യാവസായിക തലത്തിൽ ഭീകരത വ്യാപിപ്പിക്കാൻ ആസൂത്രണം ചെയ്തതായിരുന്നു 2005-ലെ ആക്രമണം. എന്നാൽ അത് പരാജയപ്പെട്ടു. തങ്ങളുടെ ബദ്ധവൈരിയായ ഇന്ത്യയ്ക്കെതിരെ ഭീകരത അഴിച്ചുവിടാനുള്ള ശ്രമത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിട്ടാണ് ഭീകര സംഘടന ഇതിനെ കണ്ടത്.
പരാജയപ്പെട്ട ഈ ഓപ്പറേഷനിൽ ലഷ്കർ വളരെ അസ്വസ്ഥരായിരുന്നു. ശ്രദ്ധാപൂർവ്വം ഗവേഷണം ചെയ്ത ഒരു ഭീകരാക്രമണം എങ്ങനെ വിജയിപ്പിക്കണം എന്ന് ബെംഗളൂരു ആക്രമണത്തെ മുൻ നിർത്തി ലഷ്കർ പരിശീലനം പോലും നൽകിയിരുന്നു.
ഇന്ത്യയിലുടനീളമുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ലഷ്കർ ഇടിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു. കൂടാതെ വളരെ കുറച്ച് നിരായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രം കാവൽ നിൽക്കുന്നയിടം ലഷ്കർ ഭീകരർ ഒരു സോഫ്റ്റ് ടാർഗെറ്റായാണ് കണ്ടത്.2012ലാണ് ഹംസയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ‘അഫ്ഗാൻ മുജാഹിദ്ദീൻ’ എന്ന് അറിയപ്പെടുന്ന ഈ ലഷ്കർ നേതാവ് ലഷ്കർ മേധാവി ഹാഫിസ് സയ്യിദുമായി അടുത്ത ബന്ധമുള്ളയാളാണ്.
ഹാഫിസ് സയീദിന് ശേഷം എൽഇടിയുടെ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി കണക്കാക്കുന്നയാളാണ് ഹംസ.ഹാഫിസ് സയീദിന്റെ നിരോധിത സംഘടനയായ ജമാഅത്ത്-ഉദ്-ദവയുടെ (ജെയുഡി) രാഷ്ട്രീയ മുന്നണിയായ പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) ഹംസയ്ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.മത പണ്ഡിതർക്ക് ഫലപ്രദമായ സുരക്ഷ ഉറപ്പാക്കണമെന്നും പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.

