ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ സൈനികർക്ക് ആഹാരപദാർത്ഥങ്ങൾ എത്തിച്ചു നൽകിയ പത്ത് വയസുകാരന് രാഷ്ട്രീയ ബാൽ പുരസ്കാരം . പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയായ ശ്രാവൺ സിംഗിന് പ്രസിഡന്റ് ദ്രൗപതി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്.
തന്റെ വീടിനടുത്തുള്ള അതിർത്തിയിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈനികർക്കാണ് ശ്രാവൺ സിംഗ് പതിവായി വെള്ളവും പാലും ലസ്സിയും എത്തിച്ചു നൽകിയത്. “പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ, സൈനികർ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നു. അവരെ സഹായിക്കണമെന്ന് എനിക്ക് തോന്നി . ഞാൻ അവർക്കായി ദിവസവും പാൽ, ചായ, മോര്, ഐസ് എന്നിവ കൊണ്ടുപോകുമായിരുന്നു. പുരസ്കാരം ലഭിച്ചതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാൻ ഒരിക്കലും അത് സ്വപ്നം കണ്ടിരുന്നില്ല,” ശ്രാവൺ സിംഗ് പറഞ്ഞു.
10 വയസ്സുകാരന്റെ ഈ സേവനം “ദേശസ്നേഹം പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ്” എന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് AAP എംപി രാഘവ് ഛദ്ദ പറഞ്ഞു.
“ഫിറോസ്പൂരിലെ ചക് തരൺ വാലി ഗ്രാമത്തിൽ നിന്നുള്ള ശ്രാവൺ സിംഗ് അസാധാരണമായ ധൈര്യവും അനുകമ്പയും പ്രകടിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ഉയർന്ന അപകടസാധ്യതയുള്ള അതിർത്തി പോസ്റ്റുകളിൽ അപകടം തലപൊക്കിയപ്പോൾ, മുന്നിലുള്ള സ്ഥാനങ്ങളിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈനികർക്ക് ശ്രാവൺ നിസ്വാർത്ഥമായി വെള്ളവും പാലും ചായയും നൽകി. നിരവധി മുതിർന്നവർ മടിക്കുന്നിടത്ത് പ്രവൃത്തിയിൽ ഉറച്ചുനിന്നു.“ എന്നും രാഘവ് ഛദ്ദ പറഞ്ഞു .
ധൈര്യം, കല, സംസ്കാരം, പരിസ്ഥിതി, സാമൂഹിക സേവനം, ശാസ്ത്രം, സാങ്കേതികവിദ്യ, കായികം എന്നിവയിൽ അസാധാരണ മികവ് പുലർത്തുന്ന കുട്ടികൾക്ക് ഇന്ത്യാ സർക്കാർ വർഷം തോറും നൽകുന്ന അഭിമാനകരമായ ദേശീയ ബഹുമതിയാണ് രാഷ്ട്രീയ ബാൽ പുരസ്കാർ.

