കൊല്ലം: ചടയമംഗലത്ത് ബാറിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ഗാർഡായ ജിബിൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കലയം സ്വദേശിയും സിഐടിയു ലോഡിംഗ് തൊഴിലാളിയുമായ സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റി ഞായറാഴ്ച ചടയമംഗലത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.
സെക്യൂരിറ്റി ഗാർഡും രണ്ട് സുഹൃത്തുക്കളും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടപ്പോഴാണ് സുധീഷിന് കുത്തേറ്റത്. ശനിയാഴ്ച രാത്രി, സുധീഷ് തന്റെ സുഹൃത്തുക്കളായ ഷാനവാസും അമ്പാടിയുമായി ബൈക്കിൽ ബാറിൽ എത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സെക്യൂരിറ്റി ഗാർഡ് തടഞ്ഞു.
മദ്യപിച്ച ശേഷം ഷാനവാസും അമ്പാടിയും ബാറിൽ നിന്ന് പുറത്തിറങ്ങി, പാർക്കിംഗ് തർക്കത്തെച്ചൊല്ലി സെക്യൂരിറ്റി ഗാർഡുമായി വഴക്കിട്ടു. ബാറിനുള്ളിൽ ഉണ്ടായിരുന്ന സുധീഷ്, ബഹളം ശ്രദ്ധയിൽപ്പെട്ടപ്പോൾ പുറത്തേക്ക് വന്ന് തടയാൻ ശ്രമിച്ചപ്പോൾ ജിബിൻ കുത്തുകയായിരുന്നു . ആക്രമണത്തിൽ സുഹൃത്തുക്കളായ ഷാനവാസിനും അമ്പാടിക്കും പരിക്കേറ്റു. ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു