ന്യൂഡൽഹി : കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്നും ജെപി നദ്ദ പറഞ്ഞു.
പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള പി സന്തോഷ് കുമാർ എംപി യുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിയുടെ മറുപടി.
അതേസമയം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയർ സെക്രട്ടറി അങ്കിത മിശ്രയും ഇക്കാര്യം അറിയിച്ചിരുന്നു.
എയിംസിനായി കേരള സർക്കാർ നിർദ്ദേശിച്ച സ്ഥലത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ദേശീയ പാതകളുടെ സാമീപ്യവും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു സംഘം കോഴിക്കോട് സന്ദർശിക്കും.
പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം സംഘം സ്ഥലം സന്ദർശിക്കാൻ സാധ്യതയുണ്ട്. എയിംസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കെ.വി. തോമസ് പറഞ്ഞു.