ടെഹ്റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉന്നത കമാൻഡർമാരെ വധിച്ചാലും , രാജ്യത്തിന്റെ സൈനിക ശക്തിയും പോരാളികളുടെ മനോവീര്യവും ദുർബലമാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി .ഉന്നത കമാൻഡർമാരുടെ രക്തസാക്ഷിത്വം കണ്ട ഇറാൻ പോരാളികൾ പിന്മാറില്ലെന്നും ശത്രുവിന് ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച മുതിർന്ന ഐആർജിസി ഉദ്യോഗസ്ഥൻ മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ഇറാന്റെ പോരാളികളുടെയും സായുധ സേനയുടെയും ഐക്യം വളരെ ശക്തമാണെന്നും തീവ്രവാദത്തിനും കുറ്റകൃത്യങ്ങൾക്കും അവരുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇസ്ലാമിക് ഇറാനിലെ യോദ്ധാക്കളുടെയും ആത്മത്യാഗികളായ സായുധ സേനകളുടെയും അഭേദ്യമായ നിരകൾ തീവ്രവാദത്തിനും കുറ്റകൃത്യങ്ങൾക്കും തകർക്കാൻ കഴിയാത്ത ആഴമേറിയതും ശക്തവുമായ ഒരു മുന്നണിയാണ്. ജിഹാദിസ്റ്റ് ആദർശങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമാണ്.“ മൊജ്തബ ഖമേനിയുടെ പ്രസ്താവനയിൽ പറയുന്നു.
ഖദേമിയുടെ മരണം ഇറാനും ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലി സിവിലിയന്മാരുടെ മരണത്തിന് പിന്നിൽ ഖദേമിയായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കുറ്റപ്പെടുത്തി. ഖുദ്സ് ഫോഴ്സിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിന്റെ കമാൻഡറായ അസ്ഗർ ബാഗേരിയെയും കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൻ ഇത് സംബന്ധിച്ച് ഇറാനിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്ന സമയത്താണ് ഖമേനിയുടെ പ്രസ്താവന വരുന്നത്. ഫെബ്രുവരി അവസാനം മുതൽ തുടരുന്ന സംഘർഷത്തിൽ ഇസ്രായേൽ നിരവധി മുതിർന്ന ഇറാനിയൻ രാഷ്ട്രീയക്കാരെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു

