കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ വ്യക്തമാക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ . കണക്കുകളെക്കുറിച്ച് പറയാൻ സർക്കാരിന് അധികാരമില്ല. ദേവസ്വം ബോർഡ് എല്ലാം പറയുമെന്നും മന്ത്രി വ്യക്തമാക്കി.
‘തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടി ശരിയാണ്. ദേവസ്വം ബോർഡ് മുൻകൂർ നൽകിയ പണം തിരികെ നൽകി. കണക്കുകളിൽ വ്യക്തത വേണമെങ്കിൽ, നിങ്ങൾ ബോർഡിനോട് ചോദിക്കണം. ഈ വിഷയത്തിൽ ഇടപെട്ട് നിർദ്ദേശങ്ങൾ നൽകിയത് കോടതിയാണ്. ബോർഡിനോട് ഇതിനെക്കുറിച്ച് ചോദിക്കാൻ സർക്കാരിന് അധികാരമില്ല.
ശബരിമല സ്വർണ്ണ മോഷണ കേസിൽ എസ്ഐടി അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ കോൺഗ്രസ് മൗനം പാലിക്കുന്നു. കൊടിമരം നീക്കം ചെയ്തതുൾപ്പെടെ അന്വേഷണം നടത്തട്ടെ. അടൂർ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയെ സന്ദർശിച്ചതിനെക്കുറിച്ച് ഇതുവരെ മറുപടി നൽകിയിട്ടില്ല. “ എന്നും വാസവൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് വഴി നാല് കോടി രൂപ ലഭിച്ചതായി ദേവസ്വം മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കൃത്യമായ കണക്ക് ദേവസ്വം ബോർഡ് നൽകണം. സംഗമത്തിനുള്ള ക്രമീകരണങ്ങൾ മാത്രമാണ് സർക്കാർ ചെയ്തത്. അയ്യപ്പ സംഗമം മൂലമാണ് ശബരിമല സ്വർണ്ണ മോഷണം പുറത്തുവന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

