കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവാണ് മരിച്ചത്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ജൂൺ 12 നാണ് കടുത്ത പനിയും വയറിളക്കവും ബാധിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സ നടത്തിയത്. അവസ്ഥ മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും, പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർദ്ധിച്ചുവരികയാണ്. ഈ വർഷം ഇതുവരെ 135 പേരിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 68 കേസുകൾ കോഴിക്കോടാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നാലു മരണങ്ങളിൽ 3 എണ്ണവും കോഴിക്കോട് ജില്ലയിലാണ്.

