കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ചേലാമ്പ്ര സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 20 ദിവസമായി ആശുപത്രിയിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് കണ്ണൂരിൽ ജോലി ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. മുൻകരുതലുകളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാർഡുകളിൽ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്.
കോഴിക്കോട് ഏഴ് വയസ്സുള്ള ആൺകുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു . താമരശ്ശേരിയിലെ അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരി അനയയുടെ സഹോദരനാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കുളത്തിൽ ഈ കുട്ടിയും കുളിച്ചിരുന്നു.
താമരശ്ശേരിയിലെ ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു . മൂന്നാഴ്ച മുമ്പ് വീടിനടുത്തുള്ള ഒരു കുളത്തിൽ നീന്തൽ പരിശീലിച്ചതിൽ കൂടിയാണ് അനയയ്ക്ക് അമീബിക് എൻസെഫലൈറ്റിസ് ബാധിച്ചത് . രോഗത്തിന്റെ ഉറവിടം ഈ കുളമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുകാരിക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കടുത്ത പനി ബാധിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് രാത്രിയിൽ കുട്ടിയുടെ സ്വാബ് ശേഖരിച്ചു. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലാണ് പരിശോധന നടത്തിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഉടൻ നടത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

