പത്തനംതിട്ട : ശബരിമല സ്വർണ്ണ മോഷണ കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ ആരോപണം ഉന്നയിച്ച് സിപിഎം . സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ച 2.5 കോടി രൂപ നഷ്ടപ്പെട്ടിട്ടും തന്ത്രി കണ്ഠരര് രാജീവരു പരാതി നൽകിയിട്ടില്ലെന്ന് എസ്ഐടി വെളിപ്പെടുത്തിയിരുന്നു. ആന്റോ ആന്റണി ഈ സ്ഥാപനത്തിൽ നിന്ന് പണം സ്വീകരിച്ചതായി പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ പി ഉദയഭാനു ആരോപിച്ചു.
തിരുവല്ലയിലെ നെടുംപറമ്പിൽ ഫിനാൻസിൽ കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചിരുന്നു . എന്നാൽ കമ്പനി ഇപ്പോൾ അടച്ചുപൂട്ടി. ആന്റോ ആന്റണി എംപി ഇവിടെ നിന്ന് 2.5 കോടി രൂപ കൈപ്പറ്റിയതായി കിംവദന്തി പ്രചരിക്കുന്നുവെന്നാണ് കെ പി ഉദയഭാനു ആരോപിച്ചത്. എംപിയ്ക്ക് തന്ത്രിയുമായുള്ള ബന്ധം എന്താണെന്നും ഉദയഭാനു ചോദിച്ചു.
തന്ത്രി നിക്ഷേപിച്ച 2.5 കോടി രൂപ രേഖകളില്ലാത്ത പണമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എസ്ഐടി നെടുംപറമ്പിൽ ഫിനാൻസ് പരിശോധിച്ച് രേഖകൾ ശേഖരിച്ചിരുന്നു. എംപിയുടെ ഭാഗത്തുനിന്നുള്ള ദുരൂഹമായ പണമിടപാടിനെക്കുറിച്ച് എസ് ഐ ടി അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു.
അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തു. സ്വർണ്ണ മോഷണത്തിൽ പ്രശാന്തിന് പങ്കുണ്ടെന്ന സൂചനകൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

