തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ നാടല്ലെന്നും സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഏതൊരു ഗുണ്ടയുടെയും അവസ്ഥ അർജുൻ ആയങ്കിയ്ക്ക് സമാനമായിരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘ കേരളം സമാധാനം ആഗ്രഹിക്കുന്ന ആളുകളുടെ നാടാണ്. കേരളത്തിലെ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ഏതൊരു ഗുണ്ടയ്ക്കും ഇത് ഒരു പാഠമാകട്ടെ. ഇത് മാത്രമല്ല, എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ സമാധാനപരമായ ജീവിതം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പ്രതികളും ഗുണ്ടകളും ജനങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഓണം അടുക്കുന്നു. ഓണക്കാലത്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാകരുത് . ജനങ്ങളുടെ സമാധാനജീവിതവും സ്വൈരജീവിതവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഗുണ്ടകളുടെയും കാപ്പ കേസ് പ്രതികളുടെയും പട്ടിക എല്ലാ പോലീസ് സ്റ്റേഷനുകളിലുമുണ്ട്. എല്ലാവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. കേരളം ഗുണ്ടകളുടെ പറുദീസയല്ല. ചിലർ മനഃപൂർവ്വം അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു. എല്ലാ ഗുണ്ടകൾക്കും ഇതൊരു പാഠമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഇന്നലെ പിണറായി വിജയൻ തന്നെ അർജുൻ ആയങ്കിയെ തള്ളിക്കളഞ്ഞില്ലേ? ഇത്തരക്കാരെ ആരും സംരക്ഷിക്കില്ല, “ രമേശ് ചെന്നിത്തല വ്യക്തമാക്കി.

